Friday, 16 August 2013

മോഹം:-

മോഹം:- 

മോഹപക്ഷികള്‍ക്ക് ചിറകു മുളയ്ക്കുമ്പോള്‍,
പഴിയ്ക്കും നമ്മളാ പാവം മനസ്സിനെ.
മോഹങ്ങളെന്നും മോഹിനീമൈഥുനം  
പഴിയതെങ്കിലും, പലര്‍ക്കും സ്ഥായിമോഹം!

-------------------------------
സസ്നേഹം, 
NTR-

Sunday, 21 July 2013

നീ:-

നീ:-

ഒരു മഴയായ് പെയ്യുന്നുണ്ട് നീ
ഒരു പുഴയായ് ഒഴുകുന്നുണ്ട് നീ 
പഴുത്ത പഴികളാൽ നീറുമെൻമനം 
കാണുന്നുണ്ട് നിന്നെയെവിടെയോ

നിന്റെ വിരലുകളെയാണ്
ഞാനാദ്യം പ്രണയിച്ചതും
അതുവഴിയാണ് ഞാൻ
നിന്നിലേയ്ക്ക് പ്രവേശിച്ചതും

ഒടുവിൽ ഓർമകളെ ഗർഭം
പേറിയാ തീവണ്ടി പോകിലും
അണയുന്നൊരാ സായാഹ്നം
പതിയേ പകച്ചു നോക്കിലും

ഒരു പുഴയായ് ഒഴുകുന്നുണ്ട് നീ
ഒരു മഴയായ് പെയ്യുന്നുണ്ട് നീ

------------------------

സസ്നേഹം
NTR-

Thursday, 16 May 2013

വാസനപൂവ്:-


വാസനപൂവ്:-

കണ്ണൊന്നു ചിമ്മിതുറക്കുവാന്‍ പാടായ്!
എന്തേ കണ്ണിനിനീ പൂ കാണേണ്ടേ?
നാളിതുവരെ കണ്ടൊരീ പൂവിനെ,
കാണ്‍വതില്ലൊട്ടുമേ മനംനിരക്കിലും.

കേമം വാസനപൂവായിരുന്നല്ലോ?
കാമവള്ളികൾ പടർന്നിരുന്നല്ലോ?
ഇടയാത്തൊരീയിതളുകളെന്നും, 
നിന്നലഗ്നിയെ ശമിപ്പിച്ചിരുന്നല്ലോ?

നിരന്തരം നിന്നഗ്നിയിൽ ദഹിച്ചു, 
വാടിയില്ലേലിതു പൂവല്ലല്ലോ?
പക്ഷേ, വാടിയില്ലൊരീ പൂവിൻഹൃദയം!
തുടിയ്ക്കുന്നിതെന്നും നിനക്കായ്‌മാത്രം.

കണ്ണേ തുറക്കുക കാലങ്ങൾക്കതീതമായ്,
വിടരുമീ കേമംവാസനപൂവിനെ കാണുക.
പൂക്കളനവധിയുണ്ടീയുദ്യാനത്തിലെങ്കിലും   
ഹൃത്തിൽ, നിൻമുഖം പേറുന്നതീപൂമാത്രം.  

               ----------------------

സസ്നേഹം,
NTR 

കുറിപ്പ്:-
ഓർക്കുക, "വാടിയ പൂ ചൂടിലും, ചൂടിയ പൂവരുത്" 

Saturday, 4 May 2013

പ്രേമലേഖനം:-


പ്രേമലേഖനം:-

സ്നേഹസാഗരമാംനിൻമനസ്സിൽ!
ഒരുനൗകയായ്ഞാനടുക്കുമ്പോൾ,
ആടിത്തിമിർക്കുംവീചികളെപോൽ,
തള്ളിപറയരുതേയെൻപ്രിയകാമിനി.

               --------------------

എന്റെ പ്രീഡിഗ്രി കാലത്താണ് ഇതാധ്യമായെഴുതിയത്. അന്നു, ഇതു വായിച്ച ഒരു കോമളാങ്കി എന്നോട് ചോദിച്ചു, എങ്ങിനെ, ഇങ്ങിനെ എഴുതാൻ കഴിയുന്നു എന്ന്. പക്ഷെ, എന്റെ പ്രണയം ആരെയാണോ എനിക്കറിയിക്കേണ്ടിയിരുന്നത് അവൾ അത് കണ്ടില്ല, വായിച്ചില്ല. പ്രണയം എന്നും അങ്ങിനെയാണ്. 
   
പിന്നീട് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ ഇതിനെ ഇംഗ്ലീഷിൽ വിവർത്തനം ചെയ്തു അക്കാലത്തെ ഒരു പ്രണയിനിയ്ക്ക് സമ്മാനിക്കകയുണ്ടായി. അവളതു വായിച്ചു, പക്ഷെ എന്റെ പ്രണയം വീണ്ടും തിരസ്ക്കരിക്കപ്പെട്ടു. സത്യത്തിൽ, ഞാൻ അവരെ ഇപ്പോഴും പ്രണയിക്കുന്നുണ്ട്! വെറും പ്രണയം മാത്രം.

അങ്ങിനെ ഒരുപാടു തിരിച്ചടികളും, അവഹേളനങ്ങളും സഹിക്കേണ്ടി വന്ന എന്റെയീ പാവം പ്രേമലേഖനത്തെ  ഇവിടെ സമർപ്പിക്കുന്നു.  ഇംഗ്ലീഷ് പരിഭാഷയും ചുവടെ കൊടുക്കുന്നു. എനിയ്ക്കു ഇംഗ്ലീഷ് വശമില്ലെന്ന് എല്ലാവരുമറിയട്ടെ. 

"When I sail across your mind,
Like a boat in the ocean !
I feel you as an ocean of love
Which you can never change

You've the power of waves,
To push me back ashore!
But, I've the thirst for love,
To be there in your mind forever"

ആരെങ്കിലും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ഒട്ടും അമാന്തിക്കേണ്ടാ....ഞാൻ പറന്നെത്തും.... പ്രേമകവിയാണ് ഞാൻ.. 

സസ്നേഹം,
NTR

നിള:-


നിള:-

അറിയും, അറിയുംഞാനിവൾ നിളയെന്നു
പാവം മനസ്സ് മെല്ലെയൊന്നതോതവേ,
അറിയാതെ തൊട്ടു പോയി,
ഞാനവളുടെ മാര്‍വിടത്തെ. 
ഞെട്ടിയില്ലവൾ, നാണിച്ചില്ല! 
നിര്‍ജ്ജീവമ്മവള്‍...., 
നിശ്ചലം നിന്നു പോയി.

ജീവനാണിത്, നിളയാണിത് 
എന്‍പ്രിയദേവി നിളയാണിത്
തേങ്ങി വിതുമ്പി ഞാന്‍ പുലംബവേ,
കേട്ടുഞാനാ തേങ്ങല്‍, നിളയുടെ തേങ്ങല്‍..!!!
കണ്ണീര്‍ച്ചാലുകൾ മാത്രം ഒഴുകുന്നു
തീരത്ത്, മണല്‍കൊള്ളക്കാര്‍ ചീട്ടുകളിക്കുന്നു.

                 ---------------------------



സസ്നേഹം,
NTR

ഇനിയും തനിയെ:-


ഇനിയും തനിയെ:-

മകളുറങ്ങിയില്ലതന്തേയീതാതനു,
തളിരാംകനിവാംതായ്മനമില്ലയോ?
മകളെ മറക്കല്ലേ, തന്തയിന്നു തനിച്ചാണ്!
തിടുക്കത്തിലോടിയ തായതറിയുന്നുവോ?

പാടിയിരുന്നില്ല, പാട്ടുകളന്നെനിയ്ക്കസ്സഹ്യം.
പാട്ടുകളോരോന്നുമിന്നെനിയ്ക്കുമന:പാഠം. 
മകളെ, കരയില്ല തളരില്ല ഞാന്‍വിളറില്ലാ!  
തണലായ്‌, കരുത്തായുണ്ടുഞാനെന്നും. 

തായവള്‍പോയതെന്തേ! സഞ്ചാരപ്രിയയല്ലയോ? 
കണ്ടതെന്തേയവള്‍ മനോഹരംമോഹനമവിടെ?
എങ്കിലുംമകളേ, നിന്‍പുഞ്ചിരിക്കല്ലേ കൂടുതല്‍ചന്തം?
അതോ, ചിരിക്കാന്‍ മറന്നോ മകളേ നമ്മൾ?

മോഹിച്ചതേറേ തായവളെന്നും സ്വപ്നലോകത്തെ,
പ്രണയമുണ്ടെങ്കിലുംപരിഭവംപതിവാംഭാവം. 
ഒടുവിൽ, പോകുമ്പോളവളറിഞ്ഞുവോയെൻമനം?
വർഷങ്ങൾതനിയേകഴിഞ്ഞ ഞാനിയുംതനിയേ!

                       ------------------------

സസ്നേഹം
NTR

വാവച്ചി:-


വാവച്ചി:-


അക്ഷമനായ് 

ഞാനിവിടെ കാത്തുനില്പ്പാണ്‌., 
ഹൃദയതാളം 

പെരുമ്പറ മുട്ടുന്നതു പോൽ!  
തുറക്കാത്തതെന്തേയീ വാതായനം?
എൻകണ്മണിയേ 

കാണാത്തതെന്തേയിത്രനേരം? 

പേറ്റുനോവെൻ 

പ്രിയതമയ്ക്കാണെങ്കിലും,
എന്റെയീകാത്തിരിപ്പിന്‍ 

നോവുമസ്സഹ്യംതന്നെ.
വാക്കുകള്‍ 
വിഴുങ്ങുന്നെന്റെയീ 
വരണ്ടകണ്ഠനാളം,
എങ്കിലുമനമാർത്തുവിളിച്ചു 

വാവച്ചി, പൊന്നുവാവച്ചി.

നിറവാര്‍ന്ന പുഞ്ചിരിയുമായ് 

ശുഭ്രയാംശാരിയതാ വരുന്നു!
കുതിച്ചതുമനമോമെയ്യോ? 

അറിയില്ലയെങ്കിലുംമുന്നോട്ടാഞ്ഞു
ആയിരംതിങ്കളിൻ ശോഭയുള്ള
പൈതലിനെ കയ്യിലേന്തി,
നടക്കുമ്പോള്‍ കണ്ടു ഞാനെന്‍ 

കണ്‍മണിയേ കണ്‍കുളിർക്കെ.

സർവ്വവും മറന്നെൻപൊന്നിനെ 

മാറോടു ചേർത്തു ഞാൻ,
വാത്സല്ല്യ ചക്കരപൊന്നുമ്മകള്‍ 

കൊടുത്തൊരായിരം.

                          ---------------------
സസ്നേഹം,
NTR

കാട്:-

കാട്:-

ഇരമ്പലുംചീറ്റലും പിന്നെയാചൂളംവിളിയും,
കാടിന്‍മാറിടംമദിക്കുമീ ശകടപ്രയാണം.
പിറന്നിട്ടില്ലയാ മംഗളപ്രഭാതമെങ്കിലും, 
നീരസമേവം ഭാവമയമായികാടുണര്‍ന്നു.

പാതിമിഴികൂമ്പിനില്‍പ്പൂ കാടിന്‍മക്കളിവര്‍,
മുന്‍പേ,മാന്തളിര്‍മേനിക്കാരാമേണകൂട്ടം,  
പിന്‍പേ,കരുത്തരാംകാട്ടിയും വീരഗജഗണങ്ങളും,
മേലെ,തരുവിലായിരം കരകരവാനരരും,
താഴെ,തീരെതളര്‍ന്നൊരാ ശുഭ്രശശങ്ങളും,  
ദൂരെ,മാണിക്യകല്ലുമായിചീറ്റുന്നസര്‍പ്പവും,
ചാരെ,കാടിന്‍കറുപ്പിലലിയുംകരടികൂട്ടവും,
വേട്ടവെറിയുമായ്ശൂരരാംഭിന്നനരിക്കൂട്ടവും.

പുലംബുന്നതെന്തേയവര്‍പാവമസഹിഷ്ണുക്കള്‍!!!
നിദ്രാഭംഗംകൊടുംപാപമിവിടമെന്നറിയില്ലയെന്നോ?
നരനുറങ്ങുന്നില്ലതുപോല്‍നരിയുമുറങ്ങേണ്ടെന്നോ?
അനുദിനംചെയ്തീടുമീപാപമിതിലവനെന്തുചേതം.

                          ------------------------

സസ്നേഹം,
NTR

Thursday, 2 May 2013

കൂട്ടം:-


കൂട്ടം:-

ദിനവും കാണുമാ കോവണിപ്പടികള്‍,
നീ കയറിയിറങ്ങിയതതെത്ര?
ചവിട്ടിമെതിച്ചതവയെയെത്ര?
പരിഭവമില്ലെയാപടികള്‍ക്കൊരിക്കലും,
ഉണ്ടതവിടെയെന്നും നിനക്കുയരങ്ങളിലെത്തുവാൻ. 

ഉറച്ചൊരാപ്പടികള്‍ നീ കുതിച്ചു കയറവേ,
അണയ്ക്കുന്നുവോ! പ്രായമതേറിയതറിയുന്നുവോ?
ഓര്‍ത്തുവോ! നീയപ്പോള്‍ബാല്യവുംകൗമാരവും.  
തളര്‍ന്നതില്ലയിത്രയന്നൊരിക്കലും,
കനംവച്ചിട്ടില്ലയിത്രയന്നൊരിക്കലും.

അന്ന് ഓടിയതെത്രയോദൂരം.
ഇന്ന് നടക്കുന്നതത്രയുംഭാരം.
അന്ന് കൂട്ടായുണ്ടായിരുന്നുകൂട്ടം.
പള്ളിനും പതിരിനും പിന്നെയെല്ലാറ്റിനും.
ഇന്ന് കാണുന്നതേയില്ലയാകൂട്ടം!
ഓര്‍ക്കുന്നില്ലേ നീയാ കൂട്ടം?

ചോദിച്ചുപോയിയെന്തേ മറന്നു നീ,
കലപിലകൂട്ടുന്നയാക്കൂട്ടത്തെ?
പതിവായ്‌മൊഴിയുംചിരിയാം മറുപടി,
പക്ഷെയറിഞ്ഞില്ല നീ കൂട്ടത്തിന്‍ വേദന. 

പതുക്കെയുണര്‍വിന്‍പ്പകലുകള്‍ മായുമ്പോള്‍!!,
മായുന്നസൂര്യന്‍ നിന്നെ നോക്കിച്ചിരിക്കുമ്പോള്‍,
ഖനീഭവിച്ചൊരാഖിന്നരാത്രികളെത്തുമ്പോള്‍,   
ഓര്‍ക്കുമോ! നീയന്നെങ്കിലുമാകൂട്ടത്തെ?
ആ ചക്കരകൂട്ടം വെറും കോവണിപ്പടികളോ?

                 ----------------------------

സസ്നേഹം
NTR